ഇടതുപക്ഷ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ വൈദ്യുതി വകുപ്പ് അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറിയിരിക്കുകയാണ്. മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിച്ചുകൊണ്ട് കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മാറിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒന്നരലക്ഷം വീടുകളില്‍ വെളിച്ചം എത്തി. എം.എല്‍.എ മാരുടെ പ്രാദേശിക വികസനഫണ്ട് ഉള്‍പ്പെടെ 174 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ചിലവഴിച്ചത്. വീട് വയറിംഗ് ചെയ്യാന്‍ സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളായിരുന്നു പദ്ധതി സമയത്ത് നേരിട്ട വലിയ വെല്ലുവിളി. ഇത് പരിഹരിക്കാന്‍ സന്നദ്ധ സംഘടനകളും, ബോര്‍ഡ് ജീവനക്കാരുടെ സംഘടനകളും നല്‍കിയ സംഭാവന പ്രശംസനീയമാണ്. എന്നിട്ടും ബാക്കി വന്ന 30,000 ത്തോളം വീടുകളില്‍ ബോര്‍ഡ് നേരിട്ട് വയറിംഗ് നടത്തി. ജീവനക്കാരും പൊതുജനങ്ങളും ജനപ്രതിനിധികളും കൈകോര്‍ത്തപ്പോള്‍ വിപ്ലവകരമായ ആ ലക്ഷ്യം നമ്മള്‍ കൈവരിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഈ വേളയില്‍ ഏറെ അഭിമാനത്തോടെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളത്തെ ബഹു. മുഖ്യമന്ത്രി മെയ് മാസം 29 ന് 3.30 മണിക്ക് കോഴിക്കോട് വെച്ച് പ്രഖ്യാപിക്കും. ഈ നേട്ടം കൈവരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.