കായംകുളം എന്‍.ടി.പി.സി. താപനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയില്‍

എന്‍.ടി.പി.സി.യുടെ ഉടമസ്ഥതയിലുള്ള കായംകുളം രാജീവ് ഗാന്ധി കമ്പൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട് സന്ദര്‍ശിച്ചു.

നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന നിലയം ഇന്ധനവില താങ്ങാനാവാത്ത നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും എന്‍.ടി.പി.സി.യും കെ.എസ്.ഇ.ബി.യും തമ്മില്‍ ഒപ്പിട്ടിട്ടുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ പ്രകാരം പ്രതിവര്‍ഷം 300 കോടിയോളം രൂപ വൈദ്യുതി ബോര്‍ഡ് എന്‍.ടി.പി.സി.ക്ക് നല്‍കേണ്ട സ്ഥിതിയാണ് ഉള്ളത്.

കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിന്ന് കായംകുളത്തേക്ക് വാതകം എത്തിക്കാന്‍ കഴിഞ്ഞാല്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ വില കുറേക്കൂടി കുറക്കാന്‍ കഴിയും. പക്ഷേ ഇതിനുള്ള പൈപ്പ് ലൈന്‍ നിര്‍മ്മാണം ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല നിലയത്തിലെ 360മെഗാവാട്ട് ഉല്‍പാദനത്തിന് മാത്രമായി പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നത് സാമ്പത്തികമായി വിജയകരമാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സിറ്റി ഗ്യാസ് സ്കീം, എല്‍.എന്‍.ജി. ഉപയോഗപ്പെടുത്താവുന്ന വിവിധ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഇതിനോടൊപ്പം ആസൂത്രണം ചെയ്യേണ്ടി വരും.

ആകെ 1100ഓളം ഏക്കര്‍ ഭൂമിയാണ് ഇവിടെ നിലയത്തിന്റെ കൈവശമുള്ളത്. അതില്‍ 750ഓളം ഏക്കര്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ്. നിലയത്തിനായി നികത്തി എടുത്തതടക്കം 300-350 ഏക്കര്‍ കരഭൂമിയാണുള്ളത്. വെള്ളക്കെട്ടുകളില്‍ പൊന്തിക്കിടക്കുന്ന സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കുന്ന ഒരു പദ്ധതിക്ക് എന്‍.ടി.പി.സി. രൂപം നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ 100കിലോവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാര്‍ സംവിധാനം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മെഗാവാട്ട് തലത്തില്‍ സ്ഥാപിക്കുമ്പോള്‍ ഇതിന് ചെലവ് കുറയുമെന്നും നാലുരൂപയില്‍ താഴെ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സ്ഥിതി വരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. 170 മെഗാവാട്ട് വൈദ്യുതി ഇങ്ങിനെ ഉല്‍പാദിപ്പിക്കാമെന്നാണ് കാണുന്നത്. സുതാര്യമായ ടെണ്ടര്‍ നടപടികളിലൂടെ കുറഞ്ഞ ചെലവില്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ തയ്യാറാണെന്ന് വൈദ്യുതി ബോര്‍ഡ് ഇതിനകം തന്നെ എന്‍.ടി.പി.സി.യെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

എന്‍.ടി.പി.സി.യുടെ മറ്റു നിലയങ്ങളില്‍ നിന്ന് ചെലവുകുറഞ്ഞ കൂടുതല്‍ വൈദ്യുതി ലഭ്യമാക്കി ശരാശരി വില താങ്ങാവുന്ന നിലയിലേക്ക് കൊണ്ടുവരാന്‍ ആയാല്‍ കായംകുളം താപനിലയത്തിലെ വൈദ്യുതി വാങ്ങാന്‍ സംസ്ഥാനം തയ്യാറാണെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കുകയുണ്ടായി. വലിയ മുതല്‍ മുടക്കുമുതല്‍ വന്നിടുള്ള ഒരു സ്ഥാപനം എന്ന നിലയിലും കരാര്‍ തൊഴിലാളികള്‍ അടക്കം വിവിധ തലത്തിലുള്ള 250ഓളം ജീവനക്കാര്‍ ജോലിചെയ്യുന്നു എന്നത് കണക്കിലെടുത്തും ഈ താപനിലയം ബാദ്ധ്യത കുറച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള സാദ്ധ്യതകള്‍ തേടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എന്‍.ടി.പി.സി.യുടെ ഭാഗത്തുനിന്ന് പ്രായോഗികമായ നിര്‍ദ്ദേശങ്ങളുണ്ടായാല്‍ അതിനോട് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി നിലപാടെടുക്കും. ഈയിടെ കേന്ദ്ര ഊര്‍ജ്ജ മന്ത്രിയെ കണ്ടപ്പോള്‍ നിലയം സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ഈ സാദ്ധ്യതയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്‍.ടി.പി.സി. സന്ദര്‍ശന വേളയില്‍ ഓഫീസില്‍ നിന്നും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷും പേര്‍സണല്‍ അസിസ്റ്റന്റ് മാര്‍ട്ടിനും വൈദ്യുതി ബോര്‍ഡ് സി.എം.ഡി. ശ്രീ ഇളങ്കോവന്‍ ഐ.എ.എസും കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിലയം ജനറല്‍ മാനേജര്‍ ശ്രീ കുനാല്‍ഗുപ്ത, എന്‍.ടി.പി.സി. കമേര്‍സ്യല്‍ ജനറല്‍ മാനേജര്‍ ശ്രീ ജെ. മാമന്‍, മറ്റുദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവരുമായി നിലയം സംബന്ധിച്ച് ചര്‍ച്ച ചെയ്തു.