കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകൃതസംസ്ഥാനമായി മാറിയിരിക്കുന്നു. മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിച്ചുകൊണ്ട് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി ഒന്നര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തി. സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിച്ചതിന്റെ പ്രഖ്യാപനം 2017 മെയ് 29ന് വകീട്ട് 3.30 മണിക്ക് കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് വെച്ച് നടത്തുകയാണ്. കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. ബഹു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വിവിധ വകുപ്പുമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷിനേതാക്കള്‍ എന്നിവരെല്ലാം പരിപാടിയില്‍ പങ്കെടുക്കും.

2006-11 ലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ കാലത്ത് സംസ്ഥാനത്തെ 85 അസംബ്ലി നിയോജകമഡലങ്ങളും പാലക്കാട് തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ നാലു ജില്ലകളും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നേടിയിരുന്നു. 2012ഓടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ 2011ലെ ഭരണമാറ്റത്തെത്തുടര്‍ന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടായില്ല. 2016ല്‍ വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.

എം.എല്‍.എ.മാരുടെ പ്രാദേശിക വികസന ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ധന സഹായം, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തിയ തുകയും വൈദ്യുതി ബോര്‍ഡിന്റെ തനതു ഫണ്ടും ഉപയോഗിച്ചാണ് 174 കോടി രൂപവരുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ലൈന്‍ നിര്‍മ്മിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലാത്ത വനാന്തര്‍ഭാഗത്തും മറ്റുമുള്ള വീടുകളില്‍ സോളാര്‍ അടക്കമുള്ള സാദ്ധ്യതകള്‍ ഉപയോഗിച്ച് വൈദ്യുതി എത്തിക്കുന്നതിനും തീരുമാനിച്ചു. മിനിഹൈഡ്രോ പദ്ധതി മുഖാന്തിരവും 200ഓളം വീടുകള്‍ക്ക് വൈദ്യുതി എത്തിച്ചിട്ടുണ്ട്.

എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിക്കണം എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് 1000 സ്ക്വയര്‍ ഫീറ്റില്‍ കുറവ് തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് വീട്ടുനമ്പറോ കൈവശ സര്‍ട്ടിഫിക്കറ്റോ ഇല്ലെങ്കിലും കണക്ഷന്‍ നല്‍കുന്നതിന് തീരുമാനിച്ചത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. വീടു വയറിംഗിന് ശേഷിയില്ലാത്തകുടുംബങ്ങളായിരുന്നു പദ്ധതിക്ക് തടസ്സമായി വന്ന മറ്റൊരു പ്രശ്നം. ഇത് പരിഹരിക്കുന്നതിന് സന്നദ്ധ സംഘടനകളും ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനകളുമൊക്കെ നിരവധി വീടുകളുടെ വയറിംഗ് ഏറ്റെടുക്കുകയുണ്ടായി. എന്നിട്ടും ബാക്കിവന്ന 30000ത്തോളം വീടുകളുടെ വയറിംഗ് വൈദ്യുതി ബോര്‍ഡ് തന്നെ നേരിട്ട് ഏറ്റെടുത്തു. ഈ നിലയില്‍ കൃത്യമായ ആസൂത്രണവും നിരന്തരമായ അവലോകനവും ബോര്‍ഡ് ജീവനക്കാരുടെ കൂട്ടായ ഇടപെടലുകളുമാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാദ്ധ്യമാക്കിയത്.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി, കൊല്ലം ജില്ലയിലെ റോസ് മല, തിരുവനന്തപുരത്തെ അമ്പൂരി, കണ്ണൂരിലെ ആറളം തുടങ്ങി വൈദ്യുതീകരണം അസാദ്ധ്യമാണെന്നു കരുതിയ നിരവധി കേന്ദ്രങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ ആയി എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. 17 കിലോമീറ്ററോളം ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചാണ് ഇടമലക്കുടിയില്‍ വൈദ്യുതി എത്തിച്ചത്. റോസ് മലയിലേക്കും പത്തു കിലോമീറ്ററിലധികം കേബിള്‍ സ്ഥാപിക്കേണ്ടി വന്നു. ഇവിടങ്ങളിലെല്ലാം വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തന്നെ വീട് വയറിംഗ് അടക്കമുള്ള കാര്യങ്ങളും നിര്‍വഹിച്ചാണ് വൈദ്യുതി നല്‍കിയത്.

ഗുണമേന്‍മയുള്ള വൈദ്യുതി എല്ലാവര്‍ക്കും എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ വൈദ്യുതി നയം. എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചുകൊണ്ട് ഈ രംഗത്ത് വലിയൊരു നേട്ടമാണ് നാം കൈവരിച്ചിരിക്കുന്നത്.