*നാടിന്റെ വികസനത്തിന് വൈദ്യുതി അത്യന്താപേക്ഷിതം: മുഖ്യമന്ത്രി

നാടിന്റെ വികസനത്തിന് വൈദ്യുതി അത്യന്താപേക്ഷിതമാണെന്നും അതിനാലാണ് വൈദ്യുതി മേഖലയ്ക്ക് നാട് വലിയ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനര്‍ട്ടിന്റെ അക്ഷയ ഊര്‍ജ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

വലിയ ജലസേചന പദ്ധതികള്‍ കേരളത്തില്‍ പ്രായോഗികമല്ല. എന്നാല്‍ ചെറുകിട പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനുമാവുന്നില്ല. ഈ സ്ഥിതി മാറണം. നമ്മുടെ പ്രവര്‍ത്തന സംസ്‌കാരം മാറിയെങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം നേടാനാവൂ.  കഴിയുന്നത്ര വൈദ്യുതി സ്വന്തമായി ഉത്പാദിക്കാനാവണം. വാങ്ങുന്ന വൈദ്യുതിയെ ആശ്രയിച്ച് തൃപ്തിപ്പെടാമെന്ന് കരുതുന്നത് ഗുണം ചെയ്യില്ല.

സംസ്ഥാനത്ത് പല കാര്യങ്ങളിലും വലിയ വര്‍ത്തമാനവും ചെറിയ തുടക്കവുമാണുള്ളത്. ഇത് കുറേക്കാലമായുള്ള ശീലമാണ്. ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൃത്യമായി നേടാന്‍ സമയബന്ധിതമായ പരിപാടികള്‍ വേണം. ഇത്തരത്തില്‍ മാത്രമേ കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനാവൂ. സൗരോര്‍ജം, കാറ്റ് എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കണം. കൃത്യമായ കണക്കുകള്‍ ശേഖരിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തിക്കണം. വൈദ്യുതി രംഗത്ത് നാടിന്റെ ആവശ്യവുമായി തട്ടിച്ചു നോക്കിയാല്‍ കുറേക്കൂടി പുരോഗതി നേടേണ്ടതുണ്ട്. നിലവിലെ സ്ഥിതിയില്‍ തൃപ്തിയോടെ നില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സൗരോര്‍ജ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി എം. എം മണി പറഞ്ഞു. കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.  അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍, വ്യവസായ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കിയത്.

സമഗ്ര സംഭാവനയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ഡോ. ആര്‍.വി.ജി മേനോന് മുഖ്യമന്ത്രി നല്‍കി.  മികച്ച വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡും അഹല്യ ആള്‍ട്ടര്‍നേറ്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും നേടി. കൊച്ചി വണ്ടര്‍ലാ ഹോളിഡെയ്‌സ് ലിമിറ്റഡ്, പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ക്ക് മികച്ച വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് കൈമാറി. മികച്ച അക്ഷയ ഊര്‍ജ്ജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് ആലപ്പുഴ എസ്സ്.ഡി കോളേജും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജും ഏറ്റുവാങ്ങി.  കോട്ടയം ജില്ലയിലെ ഞീഴൂര്‍ ഗ്രാമ പഞ്ചായത്തിന് മികച്ച അക്ഷയ ഊര്‍ജ്ജ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് നല്‍കി.

പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍ക്ക് മന്ത്രി എം. എം. മണി പ്രശസ്തി പത്രം നല്‍കി. കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍. എസ്. പിള്ള, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി. അനില്‍കുമാര്‍, ഇ.എം.സി. ഡയറക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍, അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ സി.കെ. ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു.

Please follow and like us: