വണ്ടിപ്പെരിയാർ : വീടില്ലാത്ത മുഴുവൻ ആളുകൾക്കും വീട്‌  നിർമിച്ച് നൽകുകയാണ് ലൈഫ്മിഷനിലൂടെ എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു.

വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ലൈഫ് പദ്ധതിയിൽപ്പെടുത്തി  നിർമാണം പുർത്തീകരിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി.  കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് മുന്നണി ജനങ്ങളോട് പ്രഖ്യാപിച്ച വാഗ്ദാനമായിരുന്നു ലൈഫ് പദ്ധതിയിലൂടെ നിറവേറ്റിയത്. സർക്കാർ വന്നയുടൻ വീടില്ലാത്ത മുഴുവൻ ആളുകളുടേയും ലിസ്റ്റ് കുടുംബശ്രീ വഴി ശേഖരിച്ചു.

ആദ്യഘട്ടമെന്ന നിലയിൽ വിവിധ സർക്കാർ പദ്ധതികളിലൂടെ നൽകുകയും നിർമാണം പാതിവഴിയിൽ മുടങ്ങുകയും ചെയ്ത വീടുകളുടെ നിർമാണമാണ് പൂർത്തീകരിക്കുന്നത്. അടുത്ത ഘട്ടമായി ഭൂരഹിതരും ഭവനരഹിതരുമായ വ്യക്തികൾക്ക് വീട് നൽകും. വീടില്ലാത്ത ഒരാളും കേരളത്തിൽ ഉണ്ടാകരുതെന്നാണ് എൽഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത്. ബ്രഹത്തായ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എം എം മണി പറഞ്ഞു

Please follow and like us: