തൃശൂര്‍ കോര്‍പറേഷന്‍ സോളാര്‍ പ്ലാന്‍റിന്‍റെ രണ്ടാം ഘട്ടം നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം.മണി പറവട്ടാനി കോര്‍പറേഷന്‍ സ്റ്റോര്‍ അങ്കണത്തില്‍ നിര്‍വ്വഹിച്ചു. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഊര്‍ജ്ജോല്‍പ്പന്ന വിപുലീകരണത്തിന് പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സായ സോളാര്‍ വൈദ്യുതിയുടെ ഉല്‍പ്പാദന വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 1000 മെഗാ വാട്ട് വൈദ്യുതി സോളാറില്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്‍റെ 30 ശതമാനം മാത്രമാണ് ജലവൈദ്യുതിയായി ഉല്‍പ്പാദിപ്പിക്കുന്നുള്ളു. 70 ശതമാനവും ഇതര സ്രോതസ്സുകളില്‍ നിന്നും വാങ്ങുകയാണ്.വാങ്ങുന്ന വൈദ്യുതി വിതരണം ചെയ്യണമെങ്കില്‍ വൈദ്യുതി ലൈന്‍ വാടകയ്ക്കെടുക്കണം. അതിനാല്‍ പാരന്പര്യേതര ഊര്‍ജ്ജസ്രോതസ്സ് വികസിപ്പിക്കാതെ ഊര്‍ജ്ജാവശ്യം നിറവേറ്റാനാകില്ല. 380 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 24 ചെറുകിട പദ്ധതികള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടത്തിലാണ്. അതുകൊണ്ടും ഊര്‍ജ്ജ ആവശ്യം നിറവേറ്റാനാകില്ല. അതുകൊണ്ട് സോളാര്‍ വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കണം. അതിന് എറ്റവും വലിയ തടസ്സം കേരളത്തില്‍ സ്ഥലം അധികം ലഭിക്കാനില്ല എന്നതാണ്. അതുകൊണ്ട് കൃഷിയോഗ്യമല്ലാതെ തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കുവാര്ന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കെ എസ് ഇ ബി യും അനെര്‍ട്ടുമായി സഹകരിച്ച് കര്‍മ്മ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. 40 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പവര്‍ ഹൗസ് എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ടില്‍ ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പാരന്പര്യേതര ഊര്‍ജ്ജ മേഖലയുടെ സാദ്ധ്യത ഉപയോഗപ്പെടുത്തുന്നതിന് എം എല്‍ എ ഫണ്ട് അനുവദിക്കാമെന്ന് പണി ഏറ്റെടുത്തിട്ടുള്ള എറണാകുളത്തെ ഗോഗ്രീന്‍ കന്പനി സിഇഒ മെബില്‍ ജോസിന് കരാര്‍ കൈമാറിക്കൊണ്ട് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. നിര്‍മ്മാണോദ്ഘാടനം നടത്തിയ രണ്ടാം ഘട്ട 150 കിലോവാട്ട് പദ്ധതിയില്‍ നിന്ന് പ്രതിവര്‍ഷം 2.16 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പറവട്ടാനിയിലുള്ള കോര്‍പറേഷന്‍ സ്റ്റോര്‍, കോര്‍പറേഷന്‍ ഓഫീസിനുമുന്നിലെ ട്രഷറി കെട്ടിടം, മനോരമയുടെ സമീപമുള്ള സബ്സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട പദ്ധതി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കെ എസ് ഇ ആര്‍ സി ചെയര്‍മാര്‍ പ്രേമന്‍ ദിനരാജ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ബാബു, നികുത് അപ്പീല്‍ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.സുകുമാരര്‍, ജില്ലാ ആസൂത്രണസമിതി അംഗം വര്‍ഗ്ഗിസ് കണ്ടംകുളത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
Please follow and like us: