2018 ജൂണ്‍ 21- ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30 ന് ലോകകപ്പ് ഫുട്ബോളിനു തുടക്കം. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാത്രികളില്ലാത്ത റഷ്യയില്‍ കാല്‍പന്ത്കളിയുടെ പുതുചരിത്രം പിറവികൊള്ളുകയായി. ലോകം ഒരു പന്തിനു പിന്നാലെ, ഗോള്‍ മുഖം നെഞ്ചുറപ്പിന്റെ കാവലില്‍ സുരക്ഷിതമാകുന്നു. ലോകകപ്പ് വേദിയായ റഷ്യ അതിഗംഭീരമായ ആഘോഷത്തിന്റെ തയ്യാറെടുപ്പാണ് നടത്തികൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാം. ഇന്നു മുതല്‍ 30 നാളുകള്‍, ജൂലൈ 15 വരെ ലോകം മുഴുവന്‍ മനോഹരമായ കാല്‍പന്ത്ആരവങ്ങളിലേക്ക്, കാഴ്ചാനുഭവത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു. റഷ്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പഴയ സോവിയറ്റ് യൂണിയനും നാടും സംസ്കാരവും തിരിച്ചുവരുന്നതു പോലെ……..

ഗോളടിക്കാനുള്ള കൂട്ടായ ശ്രമം, കളത്തില്‍ പ്രതിരോധിക്കാനും മധ്യനിരയില്‍ എതിരാളികളെ കാലേക്കൂട്ടി തടയാനും സാധിക്കല്‍, സാഹചര്യം അറിഞ്ഞ് കളിക്കിടയില്‍തന്നെ തന്ത്രങ്ങള്‍ മെനയാനും പറ്റുന്ന കാല്‍വിരുത്, എല്ലാത്തിനുമുപരി ആവേശത്തിലമരുന്ന ആരാധകര്‍, കൂടെ കളിയുടെ മര്‍മ്മം അറിയുന്ന പരിശീലകനും ഒപ്പം ചേര്‍ന്നാല്‍ കളി കളിയായി.

പണക്കൊഴുപ്പിന്റെയും ധാരാളിത്വത്തിന്റെയും കളിയായി പല അന്താരാഷ്ട്ര കളികളും മാറുന്നൊരു കാലത്താണ് ലോകകപ്പ് ഫുട്ബോളും കേറിവരുന്നത്. ഇവിടെ കളിക്കാരും ക്ലബുകളും കളിനടത്തിപ്പുകാരും വന്‍കിട കോര്‍പ്പറേറുകളും കൂടിചേര്‍ന്നുള്ള ഒരു മാമാങ്കമായി ലോകകപ്പ്ഫുട്ബോള്‍ മാറരുത്. ലോകകപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനം കോടികണക്കിനാണ്. വരുമാനത്തിന്റെ വലിയൊരു ഭാഗം പൊതുജനസേവനത്തിനായും ജനോപകാരപ്രദമായും ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്.വന്‍ടീമുകളായ അര്‍ജന്റീന, ജര്‍മ്മനി, ബ്രസീല്‍, ഇംഗ്ലണ്ട്, സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയവരുടെ പ്രകടനം മികവുറ്റതാകും.

2018-ലോകകപ്പ് ഫുട്ബോള്‍ നല്‍കുന്ന ഊര്‍ജ്ജവും സന്ദേശവും മാനവരാശിയുടെ വികാസത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുമയുടെ മൈതാനത്തില്‍ നൂറുപൂക്കള്‍ വിരിയട്ടെ.ഇവിടെ കേരളത്തില്‍, ലോകകപ്പ്ഫുട്ബോള്‍ ആരാധകര്‍ സജീവമാണ്.കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡും സ്പോര്‍ട്സ് കൗണ്‍സിലും ഇതിനോടകംതന്നെ, ലോകകപ്പിനെ വരവേറ്റിരിക്കുന്നു. കളിയുടെ ദിവസങ്ങളില്‍ വൈദ്യൂതിതടസ്സം ഇല്ലാതിരിക്കട്ടെ എന്നാശിക്കാം…എല്ലാംവിഭാഗം ഫുട്ബോള്‍ കളിക്കാര്‍ക്കും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍ നേരുന്നു. കളിയില്‍ ലോകം അഭിരമിക്കുമ്പോള്‍ കളിയുടെ നേരും നന്മയും നിലനിര്‍ത്തികൊണ്ട് കളിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ടീംഅംഗങ്ങള്‍ക്ക് എന്റെ മുന്‍കൂട്ടിയുള്ള വിജയാശംസകള്‍ നേരുന്നു. ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് നന്നായി കളി കാണാനും ആസ്വാദിക്കാനും സാധിക്കട്ടെയെന്ന് ഈ വിശേഷദിനത്തില്‍ ഞാന്‍ ആശംസിക്കുന്നു.

Please follow and like us: