ഒരു വായനാദിനം കൂടി കടന്നു വന്നു. വായനയെ വിശാലവും  ജനകീയവുമാക്കി, ഒരു ജനതയ്ക്ക് അക്ഷരവെളിച്ചംനല്‍കി, മുന്നോട്ട് നയിച്ച പ്രസ്ഥാനമാണല്ലോ കേരള ഗ്രന്ഥശാലാസംഘം. അതിലെ പ്രമുഖനായിരുന്നുവല്ലോ പി.എന്‍.പണിക്കര്‍. വായനയുടെ ഊര്‍ജ്ജം ബോധ്യപ്പെടുത്തിയ മഹാനാണ് ഇദ്ദേഹം. മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച മനുഷ്യസ്നേഹിയായ ഇദ്ദേഹത്തിന്റെ ഓര്‍മ്മകളെന്നും പ്രചോദനമാണ്.വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. ദൃശ്യ-പത്രമാധ്യമങ്ങള്‍ സാങ്കേതികമായി മുന്നേറുന്ന ഇക്കാലത്തും വായന അപ്രസക്‌തമാവുന്നില്ല. വിവര സാങ്കേതികവിദ്യാരംഗത്തെ വളര്‍ച്ച, ഇന്റര്‍നെറ്റിലൂടെയും മറ്റുമുള്ള അറിവുകളുടെ കൈമാറ്റം തുടങ്ങിയവ ഉണ്ടായിട്ടും വായനയുടെ പ്രസക്തി കുറയുന്നില്ല.  കേരളസര്‍ക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും വായനാദിനം മുതല്‍    വായനാവാരം ആയും ആചരിക്കുന്നു.പുതിയ തലമുറയുടെ സംസ്കാര സമ്പന്നതയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നാം എല്ലാവരും തയ്യാറാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ആയതിനാല്‍, ഈ വിശേഷദിവസത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും കുഞ്ഞുങ്ങളും  വായിച്ചു വായിച്ചു വളരട്ടെ എന്നാശംസിക്കുന്നു.