ഇടുക്കി ഡാമില്‍ വെള്ളം 2400 അടിയില്‍ എത്തുന്നതിനുമുമ്പുതന്നെ ആവശ്യമെങ്കില്‍ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. കളക്ട്രേറ്റില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് അല്‍പ്പാല്‍പ്പമായി തുറന്നുവിടുന്നതാണ് പ്രായോഗികമെന്നും അതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡാം തുറക്കും മുമ്പ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. ഷട്ടറുകള്‍ ആദ്യമായി തുറക്കേണ്ടിവന്നാല്‍ രാത്രിയില്‍ തുറക്കാതെ അത് പകല്‍സമയത്തുതന്നെ ആക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം തുറന്നുവിടുന്നതുസംബന്ധിച്ച് ആര്‍്ക്കും ആശങ്കവേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേ നടത്തി വിലയിരുത്തിവരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും പൊതുജന, മാധ്യമ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഡാം അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 ലും 2398ലും എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകുന്നത് ഒഴിവാക്കും. സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകള്‍ തടിച്ചുകൂടുന്നത് നിരുല്‍സാഹപ്പെടുത്തും. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തും. ഇതിനുമുമ്പ് ഡാം തുറന്നത് വെള്ളം 2401 ല്‍ എത്തിയപ്പോഴാണെന്നും അന്ന് അഞ്ച് ഗേറ്റുകളും അരമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് വിട്ടത് എന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നതോടെ ചെറുതോണി പാലം അപകടത്തിലായാല്‍ പകരം ഗതാഗത ക്രമീരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. ചെറുതോണി പാലം അപടത്തിലായാല്‍ കട്ടപ്പന- തൊടുപുഴ ഗതാഗതം കൊച്ചുകരിമ്പന്‍ പാലം വഴിതിരിച്ചുവിടും. അവിടെയും വെള്ളം കയറിയാല്‍ കട്ടപ്പനയില്‍ നിന്ന് ഏലപ്പാറ, വാഗമണ്‍ വഴി തിരിച്ചുവിടും. അല്ലെങ്കില്‍ കുമിളി, കെ.കെ റോഡുവഴി ഗതാഗതം ക്രമീകരിക്കും.തൊടുപുഴയില്‍ നിന്നുള്ള മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ മുട്ടം ഏലപ്പാറവഴി തിരിച്ചുവിടും. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഡാമിന് മുകളിലൂടെയുള്ള ഗതാഗതവും പരിഗണിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചെറുതോണി, കരിമ്പന്‍ പാലങ്ങളിലൂടെ പോകുന്ന ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ സംരക്ഷിക്കാനാവശ്യമായ നടപടികളും ദേശീയപാത അധികൃതര്‍ കൈക്കൊള്ളും. യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എ മാരായ പി.ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍: എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കവേണ്ടെന്നും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ നടപടികളും കൈക്കൊള്ളുമെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ ചീഫ് സെക്രട്ടറി വഴി തമിഴ്‌നാടുമായി ബന്ധപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍ നിന്ന് ഷട്ടറുകള്‍ തുറക്കുന്നതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയാല്‍ അപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാനാവശ്യമായ ക്രമീകരണങ്ങള്‍ സജജ്മാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ നല്‍കാന്‍ തമിഴ് നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയാര്‍ നിവാസികളിലെ ഭീതി അകറ്റാന്‍ 15 കൗണ്‍സിലേഴ്‌സ് തിങ്ങളാഴ്ചമുതല്‍ ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും. വെള്ളം പൊങ്ങിയാല്‍ മാ്റ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പോലീസില്‍ നിന്ന് 25 അസ്‌ക ലൈറ്റുകള്‍ സജ്ജീകരിക്കും. വില്ലേജോഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും. ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Please follow and like us: