നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത.   ഹിരോഷിമാ-നാഗസാക്കി ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്.  ഇന്നേക്ക്   73 വര്‍ഷം പിന്നിടുമ്പോഴും,  ആറ്റംബോംബ് വര്‍ഷിച്ചതിന്റെ തീവ്രതയും ദൈന്യതയും  കുറയുന്നില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ആഗസ്റ്റ് 06 ന് ജപ്പാനെ പരാജയപ്പെടുത്താന്‍ അമേരിക്കയുടെ അവസാനത്തെ മാര്‍ഗമാണ് ആണവാക്രമണം.  ജപ്പാനിലെ പട്ടണമായ ഹിരോഷിമയില്‍ സ്ത്രീകളും കുട്ടികളുമടക്കം 70000ത്തിലധികം പേര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. പച്ചമാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു. രണ്ടുലക്ഷത്തിലധികം പേര്‍ ആണവ വികീരണത്തിന്റെ ഫലമായി ജനിതക വൈകല്യമുള്ളവരായിതീര്‍ന്നു. മാറാരോഗങ്ങള്‍ ഇന്നും ആയിരങ്ങളെ വേട്ടയാടുന്നു. ഹിരോഷിമ ദുരന്തത്തിന്റെ മൂന്നാം ദിവസംതന്നെ അമേരിക്ക നാഗസാക്കിയെയും തകര്‍ത്തെറിഞ്ഞു. അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ നാഗസാക്കിയിലേക്ക്  പാഞ്ഞെത്തിയത് 40000ത്തിലധികംപേരുടെ ജീവനെടുത്തത്. ലോകം വിറങ്ങലച്ച ദിവസമായിരുന്നു അന്ന്. യുദ്ധം മരണമാണ്. സമാധാനം ജീവിതവുമാണ്.ഇന്ന് സമ്രാജ്യത്വത്തിന്റെ മറവില്‍ പണകൊഴുപ്പിന്റെ അഹങ്കാരത്തില്‍ അമേരിക്കയുടെ എല്ലാവിധത്തിലുമുള്ള  അധികാരത്തെ  ലോകജനതയ്ക്ക് മുമ്പില്‍ തുറന്നുകാട്ടാന്‍ തയ്യാറാകണം. ലോകരാജ്യങ്ങളൊക്കെ ആണവശക്തിയാവാന്‍ മത്സരിക്കുന്ന ഈ കാലത്ത്,  യുദ്ധങ്ങള്‍ക്കും തീമഴകള്‍ക്കുമെതിരെ ഇന്നത്തെ തലമുറ ശക്തിയായി പ്രതികരിക്കണം. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന് ഓരോ രാജ്യത്തിന്റെയും ഭരണാധികാരികള്‍ക്കും പ്രതിജ്ഞയെടുക്കാന്‍ കഴിയണം. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും മതഭീകരതയ്ക്കും  വര്‍ഗ്ഗീയതയ്ക്കും എതിരായി ജനങ്ങളെ അണിനിരത്താന്‍  ഓരോ മനുഷ്യരും  ചിന്തിക്കണം, കൂടാതെ, സമാധാനം നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ഈ പ്രധാനപ്പെട്ട ദിനത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Please follow and like us: