കേരളം മുഴുവന്‍ പ്രളയക്കെടുതി നേരിട്ടപ്പോള്‍ പ്രളയബാധിതര്‍ക്ക്  സഹായ വെളിച്ചമെത്തിക്കുകയാണ് ജില്ലയിലെ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയഷനും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേര്‍സ് അസോസിയേഷനും. വൈദ്യുതി വകുപ്പുമായി ചേര്‍ന്നാണ് ദുരിതബാധിതമേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
വൈദ്യുതി ബന്ധം തകരാറിലായതും വിച്ഛേദിക്കപ്പെട്ടതുമായ വീടുകളിലാണ് ഇവര്‍ സഹായഹസ്തവുമായി എത്തുന്നത്. ഇതിനായി കെഎസ്എബിയുടെ സ്‌ക്വാഡ് ജില്ലയിലെ പ്രളയബാധിതമായ അയ്യായിരം വീടുകള്‍ സന്ദര്‍ശിച്ചു. ഭൂരിഭാഗം വീടുകളിലും ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. പ്രളയാനന്തരം വീടുകളില്‍ തിരിച്ചെത്തുന്നവര്‍ക്കായി വൈദ്യുതി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സുരക്ഷാനിര്‍ദേശങ്ങളും കെഎസ്ഇബി നല്‍കിയിരുന്നു.
സ്‌ക്വാഡിന്റെ പരിശോധനയ്ക്കു ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്ത 34 വീടുകള്‍ ആളുകള്‍ ഇനിയും തിരിച്ചെത്താത്തവയാണ്. ഇവയില്‍ 15 വീടുകള്‍ പൂര്‍ണമായും നശിച്ചിരിക്കയാണ്. ബാക്കിയുള്ള വീടുകളില്‍ വയറിങ്ങിലെ തകരാറുകള്‍ പരിഹരിക്കാനായി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി ഉപകരണങ്ങള്‍ നല്‍കുകയും വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി വൈദ്യുതീകരണം നടത്തുകയും ചെയ്തു. വയറിങ് പൂര്‍ണമായും നശിച്ച് വൈദ്യുതി വിച്ഛേദിക്കപ്പെട്ട വീടുകളില്‍ റ്റു പോയിന്റ് കണക്ഷന്‍ നല്‍കാനും കെഎസ്ഇബി സന്നദ്ധമാണ്. എര്‍ത് ലീക്കേജ് സര്‍ക്യൂട്ട് രീതിയിലൂടെ ഒരു പ്ലഗ് പോയിന്റും ലൈറ്റ് പോയിന്റുമാണ് ലഭ്യമാക്കുക. പ്രളയത്തിനു ശേഷം വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ തകരാറുകളും ഉടന്‍ പരിഹരിക്കാനാണ് കെ.എസ്ഇബി ശ്രമിക്കുന്നതെന്ന് കെഎസ്ഇബി കോഴിക്കോട് ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബോസ് ജേക്കബ് പറഞ്ഞു.

Please follow and like us: