വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് എത്രയും വേഗം പുനരധിവാസം ഉറപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും കൃഷിയും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി
ജില്ലയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സ്വീകരിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതിമന്ത്രി എം.എം മണി അവലോകനം ചെയ്തു. കളേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് എത്രയും വേഗം പുനരധിവാസം ഉറപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും കൃഷിയും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും സമയബന്ധിതമായി സഹായമെത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കും.
ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ കഴിയണം. നിലവില്‍ 6.17 കോടി രൂപയാണ് ബ്ലോക്ക് തലത്തില്‍ സമാഹരിക്കാന്‍ കഴിഞ്ഞത്. രണ്ടു നഗരസഭകളുടെയും പഞ്ചായത്തുകളുടെയും തലത്തിലുള്ള ഫണ്ട് സമാഹരണം കാര്യക്ഷമമാക്കണം. ജില്ലയില്‍ വ്യാപകമായി തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര സഹായം ജില്ലയില്‍ അര്‍ഹരായ 4329 പേര്‍ക്ക് നല്‍കി. ദുരന്തങ്ങളില്‍ മരണപ്പെട്ട 59 പേരില്‍ 49 പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം ഇതിനകം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള പത്തുപേരുടെ ആശ്രിതര്‍ക്ക് നിയമാനുസൃതരേഖകള്‍ ലഭ്യമാക്കുന്നത് പ്രകാരം നല്‍കുന്നതാണ്.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടമായവരില്‍ സ്വന്തമായി സ്ഥലമുള്ള 629 പേര്‍ക്ക് സമ്മതപത്രം നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപ മൂന്ന് ഘട്ടങ്ങളിലായി അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഭൂമിയുണ്ടെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തവര്‍ 1031 പേരാണ്. വീട് വയ്ക്കുന്നതിന് സ്വന്തമായി സ്ഥലമില്ലാത്ത 491 പേരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കും.
കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസധനസഹായമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും 2.47 കോടി രൂപ ലഭിച്ചതില്‍ 2.19 കോടിരൂപ 4235 പേര്‍ക്ക് വിതരണം ചെയ്തതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ച് വരെ 32,911 അപേക്ഷകള്‍ ലഭിച്ചതില്‍ 26271 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഈയിനത്തിലേക്ക് 10 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി വിത്തും കാര്‍ഷിക ഉപകരണങ്ങളും വാങ്ങുന്നതിന് ലഭിച്ച 41.26 ലക്ഷം രൂപയില്‍ 40.38 ലക്ഷം  രൂപ ചെലവഴിച്ചു. 11801 കര്‍ഷകര്‍ക്ക് ഇതിലൂടെ പ്രയോജനം ലഭ്യമാക്കി.
പ്രളയത്തില്‍ മൃഗസംരക്ഷണ മേഖലയില്‍പശുക്കളെയും കാലിത്തീറ്റയും നഷ്ടപ്പെട്ടവര്‍ക്കായി 2.95 ലക്ഷം രൂപ ധനസഹായമായി അനുവദിച്ചു. തൊഴുത്ത് നഷ്ടപ്പെട്ടവര്‍ക്ക് 5000 രൂപ വീതം ധനസഹായവും പശുക്കള്‍ നഷ്ടമായവര്‍ക്ക് 15000 രൂപ വീതവുമാണ് ലഭ്യമാക്കിയത്. ദേശീയപാത 183 കൊല്ലം-തേനി പാതയില്‍ ബി.എം.ബി.സി ജോലികള്‍ക്ക് 33 കോടി രൂപയും 185 അടിമാലി-കുമളി പാതയില്‍ 66 കോടി രൂപയും മധുര- കൊച്ചി 85 പാതയില്‍ 33 കോടി രൂപയും ആവശ്യമായി വരുമെന്ന് ദേശീയപാത വിഭാഗം എഞ്ചിനീയര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡുകളും കലുങ്കുകളും പാലങ്ങളും തകര്‍ന്നതു മൂലം 2027.07 കോടിരൂപയുടെ നഷ്ടമുണ്ടായി. ഹാരിസണ്‍ തോട്ടം തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും ചിന്നക്കനാല്‍ കൃഷിഭവന്‍ 57,500 രൂപയും നല്‍കി.ജില്ലയില്‍ ഇതുവരെ 6.17 കോടി ലക്ഷം രൂപ ബ്ലോക്ക്തലത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അവലോകന യോഗത്തില്‍ ജോയ്സ് ജോര്‍ജ്ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.
Please follow and like us: