പൊരുതി വളര്‍ന്ന നാടിന് അറുപത്തിരണ്ടാം പിറന്നാള്‍. അനീതികളെയെല്ലാം ചെറുത്തു തോല്‍പ്പിച്ച നാടിന് പതിറ്റാണ്ടുകളുടെ നീണ്ട സാമൂഹ്യവികസന പ്രക്രിയയുടെ ചരിത്രമുണ്ടെന്ന് നമുക്കറിയാം.ഭ്രാന്താലായത്തിനു സമാനമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കാന്‍ വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും പ്രയത്നിച്ചവരെ ഓര്‍ക്കേണ്ട ദിവസം കൂടിയാകുന്നു ഇന്ന്. കേരള നവോത്ഥാന നായകരില്‍ പ്രമുഖരായ ശ്രീ നാരായണ ഗുരു, അയ്യാ വൈകുണ്ഠ സ്വാമികള്‍, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദന്‍, വി.ടി.ഭട്ടതിരിപ്പാട്, വക്കം അബ്ദുള്‍ഖാദര്‍, പൊയ്കയില്‍ യോഹന്നാന്‍ തുടങ്ങി നിരവധി പേര്‍ നമുക്ക് വഴികാട്ടികളായിടുണ്ട്. ജീര്‍ണ്ണിച്ച ആശയങ്ങളോട് ഏറ്റുമുട്ടുന്ന കാലത്തിലൂടെയാണ് കേരളത്തിന്റെ മുന്നോട്ടുള്ള യാത്ര. യുക്തിരഹിത ചിന്ത പരക്കുന്നു. നുണപ്രചാരണവും കടന്നാക്രമണങ്ങളും പെരുകുന്നു. ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 62 വർഷം പൂർത്തിയാകുന്ന ഈ സമയത്ത്, കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. പ്രളയകാലം നമ്മെ മാനുഷ്യത്വത്തിന്റെയും മാനവികതയുടെയും വലിയൊരു പാഠം പഠിപ്പിച്ചു. ഇങ്ങിനെയെല്ലാമുള്ള ഈ കാലത്ത് ജനകീയ പങ്കാളിത്തത്തോടെ കേരളത്തിന്റെ പുനര്‍ നിര്‍മാണം സാധ്യമാക്കാന്‍ നമുക്കൊന്നിച്ച് പ്രയത്നിക്കാമെന്ന് കേരള പിറവി ദിനത്തില്‍ ഞാന്‍ ആശംസിക്കുന്നു.

Please follow and like us: