1992 മുതല്‍ ഐക്യരാഷ്ട്രസഭ ലോക ഭിന്നശേഷി ദിനം ആചരിച്ചുവരുന്നു. ശരീരം തളർത്താത്ത മനസുമായി ജീവിക്കുന്നവരെ ഓർത്തുകൊണ്ട്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തരാക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. മുച്ചക്ര വാഹനം, ക്രച്ചസ്, വീല്‍ചെയര്‍, ട്രൈ സൈക്കിള്‍, കൃത്രിമക്കാലുകള്‍ മറ്റ് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം വിതരണം ചെയ്യുന്നതും ഭിന്നശേഷികാര്‍ക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാലുശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തിയതും ആശ്വാസം പദ്ധതി, ഗുരുതരമായ വൈകല്യമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ഹസ്തദാനം സ്ഥിരംനിക്ഷേപ പദ്ധതി തുടങ്ങിയവയും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ‘ഭിന്നശേഷി നയംനടപ്പാക്കുന്നതില്‍ മികവ് പുലര്‍ത്തിയ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018-ലെ ദേശീയ അവാര്‍ഡ് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന് ലഭിച്ചത് അഭിമാനകരമാണ്. ഭിന്നശേഷികാര്‍ക്ക് വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണിത്. ഇന്നത്തെ ദിവസം മാത്രമല്ല ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉള്‍പ്പെടെയുള്ള ഭിന്നശേഷി സമൂഹത്തിന് എക്കാലത്തും ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും പൊതു സമൂഹം മുന്നോട്ട് വരുമെന്നു പ്രതീക്ഷിക്കുന്നു.

 

Please follow and like us: