ഇന്ന്മനുഷ്യാവകാശദിനവും മനുഷ്യാവകാശ പ്രഖ്യാപനരേഖ അംഗീകരിച്ചതിന്റെ 70-ാം വാര്‍ഷികവുമാണ്. ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ രൂപീകരണത്തിന് സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ തത്വങ്ങള്‍ ഉള്‍കൊണ്ടിരുന്നു. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, നിയമത്തിനുമുന്നിലുള്ള തുല്യപരിഗണന, സംരക്ഷണം ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു. മനുഷ്യസഹജമായ അന്തസ്സോടെ, ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് ഇപ്പോഴും നമ്മുടെ ഇന്ത്യ. എന്നാല്‍ വൈവിധ്യങ്ങളുടെ കേന്ദ്രമായ ഇന്ത്യ മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നേറണ്ടതുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗനീതിയും ആരാധന സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജാതിനിരപേക്ഷതയും സംരക്ഷിക്കപ്പെടുകത്തന്നെ വേണം. മനുഷ്യരുടെ സംരക്ഷണത്തിന് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇവിടെ സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ പരിപാടിയായ സധൈര്യം മുന്നോട്ട് എന്ന പദ്ധതി നടപ്പിലാക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളും വിവിധ നിയമങ്ങളാല്‍ അനുവദിക്കപ്പെട്ട സംരക്ഷണവും എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാക്കുക എന്നതും ഈ വകുപ്പിന്റെ ചുമതലയാണ്. ആ നിലയില്‍, കേരളത്തെ അന്ധകാരത്തിലേക്ക് വലിക്കുന്ന വിധ്വംസകവര്‍ഗീയശക്തികളെ ചെറുത്തുകൊണ്ട്, മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പോരാടണമെന്നും എല്ലാത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെയും പ്രതിരോധം തീര്‍ക്കാനും നമുക്കു കഴിയട്ടെയെന്നും ആശംസിക്കുന്നു.

Please follow and like us: