പ്രളയാനന്തര പുനര്‍നിര്‍മാണം നടക്കുന്ന കേരളം മുമ്പെങ്ങും കാണാത്തവിധം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജൈത്രയാത്ര നടത്തുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ പുതുവര്‍ഷം പിറവികൊള്ളുന്നത്. കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവച്ച ദുരന്തങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നതാണെങ്കിലും സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയായിതീര്‍ന്നു. ദുരിതമനുഭവിച്ചവരുടെ ഒപ്പം നിന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ കേരളം വിജയിച്ചു. പ്രളയകാലത്ത് ജാതിമതവര്‍ഗവര്‍ണലിംഗ ഭേദമന്യേ കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് സ്വായത്തമാക്കിയ മാനവ സൗഹൃദ സന്ദേശം തകര്‍ക്കാനാണ് ഫാസിസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നത് എന്നറിയാം. ആ ശ്രമം നടക്കില്ല. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും കേരളത്തിന്റെ മതനിരപേക്ഷമൂല്യങ്ങളെ വെല്ലുവിളിച്ച്, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ലിംഗ സമത്വത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണവര്‍. സ്ത്രീപുരുഷ തുല്യത, ലിംഗസമത്വം എന്നിവ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് സര്‍ക്കാര്‍ നിര്‍വഹിക്കുകത്തന്നെ ചെയ്യും. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നവോത്ഥാന സ്ത്രീമുന്നേറ്റങ്ങള്‍ വഹിച്ച പങ്ക് ചരിത്രത്തിലുണ്ട്. കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതികള്‍ വിജയം കണ്ട വര്‍ഷമാണ് 2018. 2019 പിറക്കുമ്പോള്‍ സ്ത്രീകളാകെ ഒരുമനസ്സായി വനിതാമതില്‍ തീര്‍ക്കുന്നത് ഏറ്റവും ആഹ്ലാദകരമായ കാര്യമാണ്. വനിതാമതില്‍ വനിതാകോട്ടയായി മാറുന്ന ചരിത്രസംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു. വനിതാമതിലിന് എന്റെ സ്നേഹാഭിവാദ്യങ്ങള്‍ നേരുന്നതോടൊപ്പം എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും അര്‍പ്പിക്കുന്നു.

Please follow and like us: