വൈദ്യുതി വിപുലീകരണത്തിന്റെ ഭാഗമായി കേരളം മുഴുവനും സൗരോർജ്ജ പദ്ധതികൾ വ്യാപിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. മാള, കൊടുങ്ങല്ലൂർ സബ്സ്റ്റേഷനുകൾ 110 കെ വിയാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1000 മെഗാവാട്ടിന്റെ സൗരോർജ്ജ വൈദ്യുതി ഉൽപാദനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടുകളുടെ മേൽക്കൂരയിലും ഡാംറിസർവോയറുകളിലും സൗരോർജ്ജപാനലുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുക. വീട്ടു മേൽക്കൂരകളിൽ നിന്ന് 500 മെഗാവാട്ടും ഡാം റിസർവോയറുകളിൽ നിന്ന് 500 മെഗാവാട്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇടുക്കി ജലസംഭരണിയിൽ സൗരോർജ്ജ പാനൽ ഉപയോഗിച്ച് കുറഞ്ഞചിലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. മന്ത്രി എം.എം.മണി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2000 മെഗാവാട്ട് ഉത്പ്പാദിപ്പിക്കും. വൈദ്യുതി ഉൽപാദന രംഗത്ത് പുതിയ മാർഗങ്ങൾ കണ്ടെത്തി കേരളം മുഴുവനും 400 കെവി സബ്സ്റ്റേഷനുകളാക്കി ഉയർത്താനും ശ്രമമുണ്ട്. ഇതിലൂടെ വൈദ്യുതിവിതരണം കൂടുതൽ വിപുലമാക്കാനാണ് വൈദ്യുത ബോർഡിന്റെ തീരുമാനം. സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഇടുക്കിയിൽ രണ്ടാമത്തെ പവർഹൗസ് സ്ഥാപിക്കാനുള്ള നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോവുകയാണ്. മൂലമറ്റത്തെ പവർഹൗസിന് സമാനമായ പവർഹൗസ് സ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വൈദ്യുതി ഉത്പാദനം ചെലവേറിയ സാഹചര്യത്തിൽ നിലവിലുള്ള ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗപ്പെടുത്തണം.
ഊർജ്ജ വിതരണ രംഗത്തെ പ്രവർത്തന മികവിനായി 4000 കോടി രൂപ ചിലവിൽ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നു. വൈദ്യുതി വിതരണം കൂടുതൽ ഫലപ്രദമാകുന്ന നടപടികളുമായാണ് വൈദ്യുതി വകുപ്പ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. മാള പി കെ പരമേശ്വരൻ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കാതറിൻ പോൾ, നിർമ്മൽ സി പാത്താടൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ സുഭാഷ്, സിൽവി സേവ്യർ, ടെസി ടൈറ്റസ്, മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സി ഡി എസ് ചെയർപേഴ്സണ്‍ സരോജ വിജയൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനിയർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിബ്യൂഷൻ ഐ ടി ആൻഡ് എച്ച് ആർ എം ഡയറക്ടർ പി കുമാരൻ സ്വാഗതവും തൃശൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം പി ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു. പുല്ലൂറ്റ് ലേബർ എൽ പി സ്‌കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സണ്‍ ഹണി പീതാംബരൻ, ഡിസ്ട്രിബ്യൂഷന്‍ ഐ ടി ആൻഡ് എച്ച് ആർ എം ഡയറക്ടർ പി കുമാരൻ, തൃശൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം പി ശ്യാം പ്രസാദ്, വാർഡ് കൗസിലർമാർ എന്നിവര്‍ പങ്കെടുത്തു.