തൃശൂർ ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാന വൈദ്യുതി അദാലത്ത് സമാപന സമ്മേളനവും ഫെബ്രുവരി 27 ന് രാവിലെ 9.30 ന് കെ ടി മുഹമ്മദ് സ്മാരക തീയറ്ററിൽ (റീജണൽ തീയേറ്റർ) വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. കെ എസ് ഇ ബി ലിമിറ്റഡും ഉപഭോക്താക്കളുമായി നിലനിൽക്കുന്ന സൗഹൃദം കൂടുതൽ ഊഷ്മളമാക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന വ്യാപകമായി ജില്ലാ തലത്തിൽ വൈദ്യുതി അദാലത്തുകൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വൈദ്യുതി സംബന്ധമായ വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങളുടെ പരാതി കേൾക്കുന്നതിനും അവയിൽ സമയ ബന്ധിതമായി തീർപ്പ് കല്പിക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ഗവ ചീഫ് വിപ് കെ രാജൻ, കോർപ്പറേഷൻ മേയർ അജിതാ ജയരാജൻ, എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, ജില്ലയിലെ എംഎൽഎ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ് ഷാനവാസ് തുടങ്ങിയവർ മുഖ്യാതിഥികളാകും.