സൗരോർജ്ജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. തൃശൂർ ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും കെ ടി മുഹമ്മദ് സ്മാരക റീജണൽ തീയറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ്ജ രംഗത്ത് സോളാർ ഊർജ്ജമാണ് ചിലവ് കുറഞ്ഞത്. രാത്രിയിലും സൗരോർജ്ജം ലഭ്യമാക്കുന്നതിന് ഇത് സംഭരിച്ചു വെക്കാൻ ആവശ്യമായ ബാറ്ററി സംവിധാനങ്ങൾ ആവിഷ്‌കരിക്കും. 1000 മെഗാവാട്ട് കൂടുതലായി സൗരോർജ്ജ ഉൽപ്പാദനം നടത്തും. പ്രകൃതി ദുരന്തങ്ങളിൽ വൈദ്യുതി ബോർഡിന് വലിയ നഷ്ടമുണ്ടായിട്ടും ലോഡ് ഷെഡിങ്ങും, പവർ കട്ടും ഒഴിവാക്കാൻ കഴിഞ്ഞതും വൈദ്യുതീകരണം നടപ്പിലാക്കിയതും വൈദ്യതി ബോർഡിന്റെ കൂട്ടായ പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 2010ൽ തന്നെ സമ്പൂർണ വൈദ്യുതീകരണം പ്രഖ്യാപിച്ച ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ് തൃശൂർ. മാടക്കത്തറയിലെ പവർ ഗ്രിഡ് കോർപറേഷന്റെ കേരളത്തിലെ ആദ്യത്തെ 320 കെ വി എച്ച് വി ഡി സി സബ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കേരളത്തിന്റെ പവർ ഹബ് ആയി തൃശൂർ മാറും. ജില്ലയിൽ 2021 നുള്ളിൽ പൂർത്തീകരിക്കത്തക്ക രീതിയിൽ ഉൽപ്പാദന, പ്രസരണ, വിതരണ മേഖലകളിൽ, വിവിധ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. 78.42 കോടി രൂപ ചിലവഴിച്ച് കുന്നംകുളം, ചാലക്കുടി, ഇരിഞ്ഞാലക്കുട സബ് സ്റ്റേഷനുകൾ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 220 കെ വി ആയി ഉയർത്തും. മണ്ണുത്തിയിൽ 110 കെ വി സബ് സ്റ്റേഷൻ സ്ഥാപിക്കും.

തൃശൂർ ജില്ലയിലെ വൈദ്യുതി സംബന്ധമായ വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങളുടെ പരാതി കേൾക്കുന്നതിനും അവയിൽ സമയ ബന്ധിതമായി തീർപ്പ് കല്പിക്കുന്നതിനുമായാണ് ജില്ലാ ജനകീയ വൈദ്യുതി അദാലത് സംഘടിപ്പിച്ചത്. ആകെ 930 പരാതികൾ രജിസ്റ്റർ ചെയ്തതിൽ 672 പരാതിക്കാർ പങ്കെടുത്തു. ഇതിൽ 837 പരാതികളിൽ തീർപ്പുകൽപ്പിച്ചു. 90% പരാതികൾ പരിഹരിക്കാൻ കഴിഞ്ഞത് ജനകീയ അദാലത്തിന്റെ വൻ വിജയമായി. 2020 ജനുവരി 11 ന് കൽപ്പറ്റയിൽ നിന്ന് ആരംഭിച്ച ജില്ലാ അദാലത്തിന്റെ സമാപനമാണ് തൃശ്ശൂരിൽ നടന്നത്. 14 ജില്ലകളിലെയും അദാലത്തുകളുടെ വിശദാംശങ്ങൾ ക്രോഡീകരിച്ച് വൈദ്യുതി ബോർഡ് വഴി ജനങ്ങളിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

സർവീസ് കണക്ഷൻ, ലൈനും പോസ്റ്റും മാറ്റൽ, പുതിയ കണക്ഷന് മറ്റുള്ളവരുടെ സ്ഥലത്ത് കൂടി ലൈൻ വലിക്കുന്നതിനുള്ള എതിർപ്പ്, ലൈൻ വലിക്കുന്നതിന് മരം മുറിച്ചതിന്റെ നഷ്ട പരിഹാരം, വനം വകുപ്പിന്റെ എതിർപ്പ് കാരണം ലൈൻ വലിക്കുന്നതിനുള്ള എതിർപ്പ്, ലൈൻ അഴിച്ചു മാറ്റൽ, കറന്റ് ബില്ലിലെയും താരിഫ് ലെയും പരാതികൾ, കേടായ മീറ്ററുകൾ, ബിൽ കുടിശ്ശിക, റവന്യു റിക്കവറി, കോടതിയിൽ ഉള്ള കേസുകൾ, വോൾട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, കേബിൾ ടി വി തർക്കങ്ങൾ, സേഫ്റ്റി ക്ലിയറൻസ് പ്രശ്നങ്ങൾ എന്നീ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ ഐ ടി ആൻഡ് എച് ആർ എം ഡയറക്ടർ പി കുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗവ ചീഫ് വിപ് അഡ്വ കെ രാജൻ അധ്യക്ഷനായി. എംഎൽഎമാരായ യു ആർ പ്രദീപ്, ഗീത ഗോപി, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള, എറണാകുളം മധ്യ മേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ജെയിംസ് എം ഡേവിഡ്, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.